പൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ ഉൾപെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു. J. പോൾ ഗെറ്റി മ്യൂസിയവും, 47 മറ്റു സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ആഗോളതലത്തിലുള്ള സൂക്ഷ്‌മപരിശോധനാ പഠനങ്ങൾ ഇത്തരം ഛായാചിത്രങ്ങളുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിനായി ലക്ഷ്യമിടുന്നു.
2013-ൽ ഗെറ്റി മ്യൂസിയം തുടക്കമിട്ട APPEAR (Ancient Panel Paintings: Examination, Analysis and Research) എന്ന പേരിലുള്ള ഈ ഗവേഷണങ്ങൾ ലോകത്തിലെ വിവിധ അന്താരാഷ്ട്ര മ്യൂസിയങ്ങളിലുള്ള ഇത്തരം പാനൽ പെയിന്റിംഗുകളെ അപഗ്രഥനം നടത്തിവരികയാണ്. ഇത്തരം ഛായാചിത്രങ്ങളുടെ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുള്ള സമ്പ്രദായങ്ങളെക്കുറിച്ചും, പദാർത്ഥങ്ങളെക്കുറിച്ചും നിര്‍ണ്ണായകമായ അറിവുകൾ കണ്ടെത്തുന്നതിനായി ഈ ഗവേഷണം സഹായകമാണ്.
2019-ലാണ് ലൂവർ അബുദാബി ആദ്യമായി APPEAR ഗവേഷണ പദ്ധതിയുടെ ഭാഗമായത്. അന്ന് ലൂവർ അബുദാബിയുടെ ശേഖരത്തിലുള്ള, 225–50 CE കാലഘട്ടത്തിൽ നിന്നുള്ള ‘മാൻ വിത്ത് എ കപ്പ്’ (Man with a Cup) എന്ന ശവസംസ്‌ക്കാര ഛായാചിത്രത്തിന്റെ സൂക്ഷ്മ പഠനത്തിനായാണ് മ്യൂസിയം APPEAR ഗവേഷണത്തിൽ പങ്കെടുത്തത്. മരത്തിലുള്ള ചട്ടപ്പലകകളിൽ വരയ്ക്കുന്ന റൊമാനൊ-ഈജിപ്ഷ്യൻ ശൈലിയിലുള്ള പരേതതരുടെ ഛായാചിത്രങ്ങളുടെ മികച്ച ഉദാഹരണമാണ് ‘മാൻ വിത്ത് എ കപ്പ്’ എന്ന പാനൽ പെയിന്റിംഗ്. ഇവ ഗ്രീക്കോ-റോമൻ കാലഘട്ടത്തിലെ കലാപരമായ സമ്പ്രദായങ്ങളെയും, ശൈലികളെയും 2000-ത്തിൽ പരം വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ ശവസംസ്‌ക്കാര ആചാരങ്ങളുമായി സംയോജിപ്പിക്കുന്നു.
NYU അബുദാബിയുടെ (NYUAD) പിന്തുണയോടെ, ലൂവർ അബുദാബിയിലെ ഗവേഷകരുടെയും, ശാസ്ത്രജ്ഞരുടെയും സംഘമാണ് പദ്ധതിയെ നയിക്കുന്നത്. “ലൂവർ അബുദാബിയുടെ നാളിതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രവർത്തനങ്ങളിൽ ഒന്നാണ് APPEAR. ഈ പദ്ധതിയിലൂടെ ഈ വിഷയത്തിലെ വിദഗ്ദ്ധ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാനും, അന്താരാഷ്ട്ര അക്കാദമിക് ഗവേഷണത്തിന് സംഭാവന നൽകാനും ഞങ്ങൾ ശ്രമിക്കുന്നു,” ലൂവർ അബുദാബി മാനേജ്‌മെന്റ് ഡയറക്ടർ ഡോ. സൗരയ നൌജയിം അഭിപ്രായപ്പെട്ടു. “ആഗോളതലത്തിൽ പൗരാണിക കലാശില്‍പമാതൃകകളുടെ ഏറ്റവും മികച്ചതും, പ്രശസ്തവുമായ ഉദാഹരണങ്ങൾ കണ്ടെത്തുന്ന ഈ സംരംഭത്തിന്റെ ഭാഗമായത് രാജ്യത്തിനാകെ ആവേശം നൽകുന്ന ഒരു കാര്യമാണ്.”, അവർ കൂട്ടിച്ചേർത്തു.
‘മാൻ വിത്ത് എ കപ്പ്’ ഛായാചിത്രത്തിന്റെ ഗവേഷണ പഠനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക്, അവയുടെ ഫലങ്ങൾ ലോകത്തിലെ മറ്റു ശാസ്ത്രജ്ഞർക്കും, ഗവേഷകർക്കും ലഭ്യമാവും വിധം APPEAR ഓൺലൈൻ ഡാറ്റാബേസിലേക്ക് പ്രസിദ്ധീകരിക്കുന്നതാണ്.