ഖത്തർ: അഞ്ചാമത് മഹസീൽ ഉത്സവം ആരംഭിച്ചു

GCC News

ഖത്തർ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) സംഘടിപ്പിക്കുന്ന പച്ചക്കറികളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദർശന, വിപണന മേളയായ മഹസീൽ ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പ് ഡിസംബർ 23, ബുധനാഴ്ച്ച ആരംഭിച്ചു. മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് എൻവിറോണ്മെന്റുമായി സംയുക്തമായാണ് കത്താറ മഹസീൽ അഥവാ വിളവെടുപ്പ് ഉത്സവം സംഘടിപ്പിക്കുന്നത്.

ഡിസംബർ 23-ന് ആരംഭിച്ച മേള 2021 ജനുവരി 2 വരെ തുടരും. ഖത്തറിലെ വിവിധ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി മുതലായവയും, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും നേരിട്ട് കാണുന്നതിനും, വാങ്ങുന്നതിനും കത്താറ കൾച്ചറൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് മഹസീൽ ഉത്സവം അവസരം നൽകുന്നു.

മേളയുടെ ഉദ്‌ഘാടന ചടങ്ങുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ പങ്കെടുത്തു. ഖത്തറിലെ വിവിധ കൃഷിയിടങ്ങളുടെ ഉടമസ്ഥർ, പങ്കെടുക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സന്ദർശകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഖത്തറിലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ 2016 മുതൽ എല്ലാ വർഷവും ഈ മേള സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കുന്നതിനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

മഹസീൽ ഉത്സവം വിളവെടുപ്പിന്റെ ആഘോഷമാണ്. പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ കുറഞ്ഞ വിലയിലും, അതിന്റെ മുഴുവൻ തനിമയോടെയും ലഭിക്കുന്നതിന് ഈ മേള സന്ദർശകർക്ക് അവസരം നൽകുന്നു. ഈ വർഷത്തെ മേളയിൽ പച്ചക്കറികൾ, തേൻ, ചെമ്മരിയാട്, കന്നുകാലികൾ, കോഴി, താറാവ്‌ മുതലായവ വളര്‍ത്തുപക്ഷികള്‍ തുടങ്ങിയവ സന്ദർശകർക്കായൊരുക്കുന്ന നിരവധി സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ പൂക്കൾ, റോസ്, അലങ്കാര ചെടികൾ എന്നിവ പ്രദർശിപ്പിക്കുന്ന എട്ടോളം സ്റ്റാളുകളും ഈ വർഷത്തെ മഹസീൽ ഉത്സവത്തിന്റെ ഭാഗമായുണ്ട്.

കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് സമൂഹ അകലം, ‘Ehteraz’ ആപ്പിന്റെ ഉപയോഗം, മാസ്കുകൾ തുടങ്ങി നിരവധി സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ വർഷത്തെ മഹസീൽ ഉത്സവം സംഘടിപ്പിക്കുന്നത്. കാർഷികവിളകളുടെയും, ഉത്പന്നങ്ങളുടെയും പ്രദർശനത്തോടൊപ്പം വിവിധ വിഷയങ്ങളിലെ പരിശീലന പരിപാടികളും, ശിൽപ്പശാലകളും ഈ മേളയുടെ ഭാഗമായി നടക്കാറുണ്ട്.

ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് മഹസീൽ ഉത്സവം സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 9 മുതൽ രാത്രി 9 വരെ സന്ദർശകർക്ക് മേളയിൽ പങ്കെടുക്കാവുന്നതാണ്. ജനുവരി 2-ന് ശേഷം മാർച്ച് 31 വരെയുള്ള കാലയളവിൽ എല്ലാ ആഴ്ച്ചകളിലും വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ മേള സന്ദർശകരെ സ്വീകരിക്കുമെന്ന് ഫൗണ്ടേഷൻ നേരത്തെ അറിയിച്ചിരുന്നു.