ഖത്തർ: അഞ്ചാമത് മഹസീൽ ഉത്സവം ഡിസംബർ 23 മുതൽ ആരംഭിക്കുന്നു

Qatar

പച്ചക്കറികളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദർശന, വിപണന മേളയായ മഹസീൽ ഉത്സവത്തിന്റെ അഞ്ചാമത് പതിപ്പ് ഡിസംബർ 23 മുതൽ ആരംഭിക്കുമെന്ന് ഖത്തർ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്താറ) അറിയിച്ചു. ഖത്തറിലെ വിവിധ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി മുതലായവയും, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും നേരിട്ട് കാണുന്നതിനും, വാങ്ങുന്നതിനും കത്താറ കൾച്ചറൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് ഈ മേള അവസരം നൽകുന്നു.

ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് മഹസീൽ അഥവാ വിളവെടുപ്പ് ഉത്സവം സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 9 മുതൽ രാത്രി 9 വരെ സന്ദർശകർക്ക് മേളയിൽ പങ്കെടുക്കാവുന്നതാണ്. ജനുവരി 2-ന് ശേഷം മാർച്ച് 31 വരെയുള്ള കാലയളവിൽ എല്ലാ ആഴ്ച്ചകളിലും വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ മേള സന്ദർശകരെ സ്വീകരിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്.

2016 മുതൽ നടക്കുന്ന മഹസീൽ ഉത്സവം വിളവെടുപ്പിന്റെ ആഘോഷമാണ്. പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ കുറഞ്ഞ വിലയിലും, അതിന്റെ മുഴുവൻ തനിമയോടെയും ലഭിക്കുന്നതിന് ഈ മേള സന്ദർശകർക്ക് അവസരം നൽകുന്നു. ഖത്തറിലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ 2016 മുതൽ എല്ലാ വർഷവും ഈ മേള സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ആഭ്യന്തര ഉത്‌പാദനം വർധിപ്പിക്കുന്നതിനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റുമായി സഹകരിച്ചാണ് ഫൗണ്ടേഷൻ ഈ മേള സംഘടിപ്പിക്കുന്നത്. 2019-ലെ മേള ഇതുവരെയുള്ള വർഷങ്ങളിലെ ഏറ്റവും വലിയ മേളയായിരുന്നു. കാർഷികവിളകളുടെയും, ഉത്പന്നങ്ങളുടെയും പ്രദർശനത്തോടൊപ്പം വിവിധ വിഷയങ്ങളിലെ പരിശീലന പരിപാടികളും, ശിൽപ്പശാലകളും ഈ മേളയുടെ ഭാഗമായി നടക്കാറുണ്ട്.

Cover Photo: @kataraqatar