സൗദി: മക്കയിൽ പൊതു ഇഫ്താർ സംഗമങ്ങൾക്ക് അനുമതിയില്ലെന്ന് മുനിസിപ്പാലിറ്റി; റെസ്റ്ററന്റുകളിൽ ബുഫെ സേവനങ്ങൾ നിർത്തലാക്കി

Saudi Arabia

COVID-19 രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ശക്തമായി നടപ്പിലാക്കാൻ തീരുമാനിച്ചതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

https://twitter.com/makkahregion/status/1376922448273289218

മാർച്ച് 30-ന് വൈകീട്ടാണ് മക്ക മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്. റമദാൻ മാസം അടുത്തതോടെ ആരോഗ്യ സുരക്ഷ കർശനമാക്കുന്നതിനും, പരിശോധനാ നടപടികൾ തീവ്രമാക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും മുനിസിപ്പൽ അധികൃതർ കൈക്കൊള്ളുന്നതാണ്.

ഇതിന്റെ ഭാഗമായി, മക്കയിലെ റെസ്റ്ററന്റുകളിൽ ബുഫെ സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. റമദാനിൽ മക്കയിലും പരിസരങ്ങളിലും പൊതു ഇഫ്താർ സംഗമങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഭക്ഷണശാലകളിലുൾപ്പടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള പ്രത്യേക പരിശോധനാ സംഘങ്ങൾക്കും മുനിസിപ്പാലിറ്റി രൂപം നൽകിയിട്ടുണ്ട്. വ്യാപാരശാലകളിലെ തിരക്കൊഴിവാക്കുന്നതിനായി മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾക്കും, വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.