രണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ബഹ്‌റൈൻ ടൂറിസം വകുപ്പ് മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു. 2023 ഏപ്രിൽ 14-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്സ് പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ അഹ്‌മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) സി ഇ ഓ ഡോ. നാസ്സർ ഖഈദി, BTEA ബോർഡ് അംഗങ്ങൾ, സൂഖ് അൽ മനാമ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സ്വർണ്ണ വ്യാപാരികൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഏപ്രിൽ 13 മുതൽ മെയ് 27 വരെയാണ് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 സംഘടിപ്പിക്കുന്നത്. സൂഖ് അൽ മനാമയിലെ മുന്നൂറിലധികം സ്വർണ്ണാഭരണശാലകളുടെ പങ്കാളിത്തത്തോടെയാണ് ഈ മേള ഒരുക്കുന്നത്.
ഈ മേളയുടെ ഭാഗമായി ആഴ്ചതോറുമുള്ളതും, ദിനംപ്രതിയുള്ളതുമായ നിരവധി സമ്മാനപദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്കിടയിലും, സന്ദർശകർക്കിടയിലും സൂഖ് അൽ മനാമയെ ഒരു പ്രമുഖ ആകർഷണകേന്ദ്രമാക്കിമാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനി സ്വർണ്ണ വ്യവസായത്തിന്റെ ചരിത്രം, പ്രാധാന്യം എന്നിവ വെളിപ്പെടുത്തുന്ന പ്രത്യേക കലാപ്രദർശനങ്ങൾ, ഗോൾഡ് മ്യൂസിയം, പ്രത്യേക മാർക്കറ്റ്, തത്സമയ സംഗീത പരിപാടികൾ മുതലായവ ഈ മേളയുടെ ഭാഗമായി ഒരുക്കുന്നതാണ്. സ്വർണ്ണ വ്യവസായ മേഖലയിൽ ബഹ്റൈനിനുള്ള പാരമ്പര്യം, സൂഖ് അൽ മനാമയ്ക്കുള്ള പ്രാധാന്യം എന്നിവ ഈ മേള എടുത്ത് കാട്ടുന്നു.
Cover Image: Bahrain News Agency.