മവേലയിലെ സെൻട്രൽ മാർക്കറ്റിലെ പഴം പച്ചക്കറി മൊത്തവിതരണ പ്രവർത്തനങ്ങൾ ഖസായിനിലേക്ക് മാറ്റാൻ മസ്കറ്റ് മുനിസിപ്പാലിറ്റിയും, ഖസായിൻ ഇക്കണോമിക് സിറ്റിയും ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു സ്ഥാപനങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്.
മസ്കറ്റ് ഗവർണറേറ്റിലെ മൊത്തവിതരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, ഗവർണറേറ്റിലേക്ക് പ്രവേശിക്കുന്ന വലിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമായാണ് ഈ തീരുമാനം. ഇതോടെ മവേലയിലെ സെൻട്രൽ മാർക്കറ്റ് ചില്ലറവില്പന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.
മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ എൻജിനീയർ ഇസം സൗദ് അൽ സിദ്‌ജലി, ഖസായിൻ സി ഇ ഓ എൻജിനീയർ സലിം സുലൈമാൻ അൽ ദുഹ്‌ലി എന്നിവരാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. എട്ട് ലക്ഷം സ്‌ക്വയർ മീറ്ററിലാണ് ഖസായിനിൽ പുതിയ മാർക്കറ്റ് ഒരുങ്ങുന്നത്. മവേലയിലെ നിലവിലെ മാർക്കറ്റിന്റെ മൂന്നിരട്ടി വലിപ്പത്തിലാണ് പുതിയ മാർക്കറ്റ് തയ്യാറാകുന്നത്. ഏതാണ്ട് 43 ദശലക്ഷം റിയാലാണ് ഈ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്.