COVID-19 വ്യാപകമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ ഇന്ത്യൻ ജനതയോട് ആശങ്കകൾ വേണ്ടെന്നും, സേവന സന്നദ്ധരായി ഇന്ത്യൻ എംബസി കൂടെത്തന്നെയുണ്ടെന്നും ഇന്ത്യൻ അംബാസിഡർ H.E. ശ്രീ പവൻ കപൂർ പ്രവാസി ഭാരതി റേഡിയോയിലൂടെ അറിയിച്ചു. ഈ പുണ്യ റമദാൻ മാസത്തിൽ എല്ലാവർക്കും റമദാൻ ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം ശ്രോതാക്കളെ അഭിസംബോധന ചെയ്തത്.
അബുദാബിയിലുള്ള ഇന്ത്യൻ എംബസ്സിയും, ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ കോൺസുലേറ്റും സദാ സമയവും ഇൻഡ്യാക്കാർക്കൊപ്പം സേവനസന്നദ്ധരായി കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി. യു എ ഇ യിലെ നിരവധി സന്നദ്ധ സംഘടനകളുമായി ചേർന്ന് ആവശ്യക്കാർക്ക് ഭക്ഷണവും, മരുന്നും എത്തിച്ചു നൽകുന്ന വിവരങ്ങളും, ഇവിടെയുള്ള, COVID-19 പോസിറ്റീവ് ആയവർക്ക് വേണ്ടി യു എ ഇ യിലെ ഇന്ത്യൻ ഡോക്ടർമാരുടെ ഒരു സ്പെഷ്യൽ മെഡിക്കൽ ഹെല്പ് ലൈൻ സർവീസ് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ അദ്ദേഹം പങ്കുവെച്ചു.
- അബുദാബി : 0508995583
- ദുബായ് : 0565463903
ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതായും, അധികം താമസിയാതെ തന്നെ ശരിയായ തീരുമാനങ്ങൾ ഈ കാര്യത്തിൽ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നതായും, തീരുമാനം വന്നു കഴിഞ്ഞാൽ യു എ ഇ അധികൃതരുമായി സംസാരിച്ച് തിരികെ പോകാൻ താൽപ്പര്യമുള്ളവർക്കുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതി 1539 AM ന് നല്‌കിയ പ്രത്യേക ഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.