രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ തൊഴിൽ മേഖലയിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് അവസാനം വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2023 ജൂൺ 24-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം വ്യാപകമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ നിയമങ്ങൾ അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറം തൊഴിലിടങ്ങളിൽ, മദ്ധ്യാഹ്ന വേളയിലെ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ട്.
Cover Image: Bahrain News Agency.