രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. 2022 ജൂൺ 12-നാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ സ്വകാര്യ മേഖലയിൽ സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച 15/7/1435 (3337) എന്ന ഔദ്യോഗിക ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. 2022 ജൂൺ 15 മുതൽ 2022 സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് സൗദിയിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്.
ഈ കാലയളവിൽ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.
ഈ നിർദ്ദേശം കർശനമായി പാലിക്കാൻ അധികൃതർ തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വീഴ്ച്ചകൾ 19911 എന്ന നമ്പറിലൂടെ അധികൃതരെ അറിയിക്കാവുന്നതാണ്.
2022 ജൂൺ 15 മുതൽ യു എ ഇയിലും മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുന്നതാണ്. കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ 2022 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Cover Image: Saudi Press Agency.