രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു. ജൂൺ 2, ബുധനാഴ്ച്ചയാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതെന്ന് MoHRE അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ യു എ ഇയിലെ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്നും MoHRE കൂട്ടിച്ചേർത്തു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.
ഇത് സംബന്ധിച്ച് MoHRE പുറത്തിറക്കിയിട്ടുള്ള തീരുമാനങ്ങൾ പ്രകാരം, ഇത്തരം ഇടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ ദിനം തോറുമുള്ള പ്രവർത്തിസമയം പരമാവധി 8 മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടയിൽ തൊഴിലാളികൾ തൊഴിലെടുക്കുന്ന എല്ലാ ഷിഫ്റ്റുകളും ഉൾപ്പടെയാണ് ഈ 8 മണിക്കൂർ കണക്കാക്കുന്നത്. 24 മണിക്കൂറിനിടയിൽ ഒരു തൊഴിലാളി 8 മണിക്കൂറിൽ കൂടുതൽ തൊഴിലെടുക്കുന്ന സാഹചര്യത്തിൽ ഇത് ഓവർടൈം ആയി കണക്കാക്കുന്നതാണ്. ഇത്തരം ഓവർടൈം ജോലികൾക്ക് മന്ത്രാലയം നിഷ്കർഷിക്കുന്ന നിയമങ്ങൾ അനുസരിച്ച് അധിക വേതനം നൽകേണ്ടതാണ്.
ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക്, തൊഴിലാളികളുടെ എണ്ണം കണക്കാക്കി 5000 ദിർഹം വീതം (പരമാവധി 50000 ദിർഹം) പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വീഴ്ചകളുടെ ഗൗരവത്തിനനുസരിച്ച് കൂടുതൽ നിയമ നടപടികളും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കൈകൊള്ളുന്നതാണ്. ഉച്ചയ്ക്ക് 12.30 മുതൽ 3.00 മണി വരെ സൂര്യതപം ഏൽക്കാനിടയുള്ള ഇടങ്ങളിൽ, തൊഴിലാളികൾക്കായി തൊഴിലുടമകൾ തണലിൽ വിശ്രമിക്കുന്നത്തിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്.
മദ്ധ്യാഹ്ന ഇടവേള സമയങ്ങളിലുള്ള വീഴ്ചകൾ, പൊതു സമൂഹത്തിനു 24 മണിക്കൂറും പ്രവർത്തിക്കുന്ന 80060 എന്ന ടോൾ ഫ്രീ നമ്പറിൽ അധികൃതരുമായി പങ്കുവെക്കാവുന്നതാണ്. ഇത്തരം പരാതികളിൽ ഉടൻ തന്നെ പരിശോധനകൾ നടപ്പിലാക്കി, ആവശ്യമായ നടപടികൾ കൈക്കൊളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Cover Photo: WAM