രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു. 2024 മെയ് 31-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഈ ഇടവേള 2024 ജൂൺ 15 മുതൽ 2024 സെപ്റ്റംബർ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.
തൊഴിൽപരമായ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി മന്ത്രാലയം കൈക്കൊള്ളുന്ന നയങ്ങളുടെ ഭാഗമായാണ് തുടർച്ചയായി ഇരുപതാം വർഷവും പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ അവർക്ക് ഏൽക്കാനിടയുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്.
മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക്, തൊഴിലാളികളുടെ എണ്ണം കണക്കാക്കി 5000 ദിർഹം വീതം (പരമാവധി 50000 ദിർഹം) പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.