ബഹ്‌റൈൻ: ജൂലൈ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധം

GCC News

ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും. രാജ്യത്തെ തൊഴിൽ മേഖലയിൽ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മിനിസ്ട്രി അറിയിച്ചു. ബഹ്‌റൈനിലെ ഭരണപരമായ നിയമം 39/ 2013 അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറം തൊഴിലിടങ്ങളിൽ, മദ്ധ്യാഹ്ന വേളയിലെ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ട്.

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ നിബന്ധനകൾ നടപ്പാക്കുന്നതിനായി തൊഴിലുടമകളുടെ ഇടയിലും, തൊഴിലാളികളുടെ ഇടയിലും തൊഴിൽമന്ത്രാലയം ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

ഉയർന്ന ചൂടിൽ ജോലിചെയ്യുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ, അപകട സാധ്യതകൾ എന്നിവ അടങ്ങിയ വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ ഇതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തൊഴിലുടമകൾക്കായി, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന തൊഴിൽനയങ്ങൾ നടപ്പിലാക്കുന്നതിൽ സഹായകമാകുന്ന, ഓൺലൈൻ പരിശീലന പരിപാടികളും മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തെ ഏതാണ്ട് 98 ശതമാനം സ്ഥാപനങ്ങളും മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ നിയമ പ്രകാരം മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 500 മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയും, 3 മാസം വരെ തടവും ലഭിക്കാവുന്നതാണ്.