രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 1, വ്യാഴാഴ്ച മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. 2023 മെയ് 31-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വേനൽക്കാലത്ത് തുറന്ന തൊഴിലിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ‘2021/ 17’ എന്ന തീരുമാനം നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നിർബന്ധമായും ഉറപ്പാക്കേണ്ടതാണ്.
ഈ കാലയളവിൽ ഖത്തറിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3:30 വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Qatar MoL.