രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇയിൽ ഈ വർഷത്തെ വേനലിലെ മദ്ധ്യാഹ്ന ഇടവേള നിയന്ത്രണങ്ങൾ 2024 ജൂൺ 15 മുതൽ ആരംഭിച്ചിരുന്നു. കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഈ ഇടവേള 2024 ജൂൺ 15 മുതൽ 2024 സെപ്റ്റംബർ 15 വരെയായിരുന്നു.
ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിന് ഈ നിയമം അനുശാസിക്കുന്നു. ഈ നിയമത്തിലെ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി MoHRE പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ഒരുലക്ഷത്തിമുപ്പത്തിനായിരത്തിലധികം പരിശോധനകൾ നടത്തിയതായും, 99.9 ശതമാനം സ്ഥാപനങ്ങളും ഈ നിയമം കൃത്യമായി നടപ്പിലാക്കിയതായും MoHRE വ്യക്തമാക്കി.