മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി. 2026 ഫെബ്രുവരി 1-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Some individuals send emails claiming to be from the Ministry of Human Resources and Emiratisation, asking you to download a file, click on a link, or share personal information.
— وزارة الموارد البشرية والتوطين (@MOHRE_UAE) February 1, 2026
Here are the steps you should follow to protect yourself from fake emails and avoid fraud.#MOHRE… pic.twitter.com/GzbsRvtqCk
ഉപഭോക്താക്കളോട് വിവിധ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിനും, ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിനും, സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നതിനും ആവശ്യപ്പെടുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്ന് MoHRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പടെ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പെന്ന് MoHRE മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുന്നതിനുള്ള നിർദ്ദേശങ്ങളും MoHRE പങ്ക് വെച്ചിട്ടുണ്ട്. ഇമെയിൽ അയച്ചയാളുടെ പേര് വ്യാജമായി ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അതിൽ ആശ്രയിക്കരുതെന്നും, ഇമെയിൽ വിലാസം എപ്പോഴും പൂർണ്ണമായി പരിശോധിച്ച് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കണമെന്നും, വിലാസത്തിലോ, വാക്കുകളിലോ, സന്ദേശ ഘടനയിലോ ചെറിയ പിശകുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇമെയിലുകൾ ലഭിക്കുന്നവർ തിടുക്കത്തിൽ അവയോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭയമോ, തിടുക്കമോ ഉപയോഗിച്ച് ഇരകളെ സമ്മർദ്ദത്തിലാക്കുന്നതിനും അതിലൂടെ ശരിയായ പരിശോധനകളില്ലാതെ സന്ദേശങ്ങളിലടങ്ങിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനോ അറ്റാച്ചുമെന്റുകൾ തുറക്കുന്നതിനോ നിർബന്ധിക്കുന്നതിനും തട്ടിപ്പുകാർ പലപ്പോഴും ശ്രമിക്കാറുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അവ കണിശമായി പരിശോധിക്കാനും അജ്ഞാതമോ സംശയാസ്പദമോ ആയ ഉറവിടങ്ങളിൽ നിന്നുള്ള അറ്റാച്ചുമെന്റുകൾ തുറക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. MoHRE ഒരു സാഹചര്യത്തിലും ഉപഭോക്താക്കളോട് പാസ്‌വേഡുകൾ, ഒറ്റത്തവണ വെരിഫിക്കേഷൻ കോഡുകൾ (OTP-കൾ), ബാങ്കിംഗ്, കാർഡ് വിശദാംശങ്ങൾ എന്നിവ പങ്കിടാൻ ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി mohre.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ്, MOHRE സ്മാർട്ട് ആപ്പ് എന്നീ സംവിധാനങ്ങളോ, 600590000 എന്ന ഫോൺ നമ്പറോ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.

