ബഹ്‌റൈൻ: മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾ; 11000-ത്തോളം പേർക്കെതിരെ നിയമനടപടി

GCC News

ബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതു ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാക്കിയത് മുതൽ, ഇതുമായി ബന്ധപ്പെട്ട 10,866 നിയമലംഘനങ്ങൾ റെജിസ്റ്റർ ചെയ്‌തതായി അധികൃതർ വ്യക്തമാക്കി. മാസ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, നോർത്തേൺ ഗവർണറേറ്റിലെ പോലീസ് അധികൃതർ 2,643 നിയമലംഘനങ്ങളും, ക്യാപിറ്റൽ ഗവർണറേറ്റിൽ 2,096 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായി ബ്രിഗേഡിയർ ജനറൽ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ അറിയിച്ചു.

മുഹറഖ് ഗവർണറേറ്റിൽ 2,989 നിയമലംഘനങ്ങളും, സൗത്തേൺ ഗവർണറേറ്റിൽ 1,808 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റി ഓപ്പറേഷൻസ് ഡിപ്പാർട്മെന്റ് 1,246 നിയമലംഘനങ്ങളും, പോർട്ട് സെക്യൂരിറ്റി 84 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായും അദ്ദേഹം അറിയിച്ചു. ഇത്തരത്തിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അൽ ഖലീഫ വ്യക്തമാക്കി.

ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ, COVID-19 വ്യാപിക്കുന്നതിൽ നിന്ന് പൊതു സമൂഹത്തിനെ സംരക്ഷിക്കുന്നതിനാണെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.