ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 150 രാജ്യങ്ങളിൽ നിന്നുള്ള 25000-ത്തിൽ പരം പ്രവാസി തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ തീർത്ഥാടനത്തിൽ ആകെ 58518 തീർത്ഥാടകർ പങ്കെടുത്തതായും മന്ത്രാലയം അറിയിച്ചു.
ഇതിൽ 25702 സ്ത്രീകളും, 32816 പുരുഷന്മാരും ഉൾപ്പെടുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് എന്നിവർ സംയുക്തമായാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.
33000-ൽ പരം സൗദി പൗരന്മാർ തീർത്ഥാടനത്തിൽ പങ്കെടുത്തു. തീർത്ഥാടകരെ നാല് മേഖലകളാക്കി തിരിച്ചാണ് തീർത്ഥാടനത്തിൽ പങ്കെടുപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി 213 ക്യാമ്പുകൾ ഉപയോഗിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ഇതിൽ മിനയിലും, അറഫയിലുമായി 71 ക്യാമ്പുകളും, മുസ്‌ദലിഫയിലെ 71 ക്യാമ്പുകളും ഉൾപ്പെടുന്നു. ഇതിന് പുറമെ മിന ടവറിൽ 848 മുറികളും തീർത്ഥാടകർക്കായി ഒരുക്കിയിരുന്നു.