രാജ്യത്തെ പള്ളികളിൽ നവംബർ 8, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം (മദ്ധ്യാഹ്ന നമസ്കാരം) പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ച് കൊണ്ട് ബഹ്‌റൈൻ സുന്നി എന്ഡോവ്മെന്റ്സ് അറിയിപ്പ് പുറത്തിറക്കി. നേരത്തെ നവംബർ 1 മുതൽ ദുഹ്ർ നമസ്കാരത്തിനായി പള്ളികളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, വിശ്വാസികളുടെ സംരക്ഷണത്തിനാവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനായി ഈ തീരുമാനം നവംബർ 8-ലേക്ക് നീട്ടിയതായി ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എന്ഡോവ്മെന്റ് മിനിസ്ട്രി അറിയിച്ചിരുന്നു.
വെള്ളിയാഴ്ച്ചകളിലൊഴികെ മറ്റു ദിനങ്ങളിലാണ് ദുഹ്ർ നമസ്കാരത്തിന് വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നതെന്നാണ് ബഹ്‌റൈൻ സുന്നി എന്ഡോവ്മെന്റ്സ് അറിയിച്ചിരിക്കുന്നത്. നിലവിൽ തുറക്കാൻ അനുവാദം നൽകാത്ത പള്ളികൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞുകിടക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 8, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരത്തിനായി വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്:
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ പള്ളികളിലേക്ക് പ്രവേശിക്കരുത്.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പള്ളികളിലെ പ്രാർത്ഥനകളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്.
- കുട്ടികളെ പ്രാർഥനകൾക്കായി പള്ളികളിലേക്ക് കൊണ്ടുവരുന്നതിന് അനുവാദമില്ല.
- കൃത്യമായ സമൂഹ അകലം ഉറപ്പാക്കി കൊണ്ടായിരിക്കണം പള്ളികളിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്.
- പ്രാർത്ഥനകൾക്കായി വരുന്നവർ നിസ്കാരത്തിനുള്ള പായകളും മറ്റും കൊണ്ടു വരേണ്ടതും, തിരികെ കൊണ്ടുപോകേണ്ടതുമാണ്.
- വിശ്വാസികൾ തമ്മിൽ ഹസ്തദാനം ഒഴിവാക്കേണ്ടതാണ്.
- മാസ്കുകൾ ഉപയോഗിക്കണം.
- പള്ളികളിലേക്ക് പ്രവേശിക്കുമ്പോഴും, തിരികെ മടങ്ങുമ്പോഴും തിരക്ക് ഒഴിവാക്കണം.
- കൈകൾ കൃത്യമായി സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം.
- പ്രാർത്ഥനകൾക്ക് 10 മിനിറ്റിനു മുൻപ് മാത്രമാണ് പള്ളികൾ തുറക്കുക.
- പ്രാർത്ഥനകൾ പൂർത്തിയാക്കി പത്തു മിനിറ്റിനകം വിശ്വാസികൾ പുറത്ത് പോകേണ്ടതാണ്.
- ടോയ്‌ലറ്റുകൾ, അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ, കുടിവെള്ളം നൽകുന്ന സംവിധാനം എന്നിവ പ്രവർത്തിപ്പിക്കരുത്.
- വിശ്വാസികൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കേണ്ടതാണ്.
- പ്രാർത്ഥനകൾ പൂർത്തിയാകുന്നത് വരെ വാതിലുകൾ തുറന്നിടേണ്ടതാണ്.
ഓഗസ്റ്റ് 28, വെള്ളിയാഴ്ച്ച മുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ബഹ്‌റൈനിലെ പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്ന പ്രക്രിയ പടിപടിയായി നടപ്പിലാക്കി വരികയാണ്. മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എന്ഡോവെമെന്റ്സിന്റെ തീരുമാന പ്രകാരം ആദ്യ ഘട്ടത്തിൽ ഓഗസ്റ്റ് 28 മുതൽ ദിനവും ഫജ്ർ നമസ്കാരത്തിനായി മാത്രം വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.