അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2023 ജനുവരി 1 വരെ നീട്ടി

featured UAE

സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് അബുദാബി കോർണിഷിൽ നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2023 ജനുവരി 1 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. 2022 ഡിസംബർ 20-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2022 ഡിസംബർ 9 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2022 ഡിസംബർ 23 മുതൽ 2023 ജനുവരി 1 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.

യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ. എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് ഡിസംബർ 9-ന് മേള ഉദ്‌ഘാടനം ചെയ്തിരുന്നു.

മേളയിലെ കലാപരിപാടികളും, വിനോദപ്രദർശനങ്ങളും, സംഗീത പരിപാടികളും, ഷോപ്പിംഗ് അനുഭവങ്ങളും, ഭക്ഷണപാനീയ വിഭവങ്ങളും ആസ്വദിക്കുന്നതിനായി ആയിരക്കണക്കിന് സന്ദർശകർ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ വേദിയിലെത്തിയതായി സംഘാടകർ വ്യക്തമാക്കി.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്. ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ മേളയിൽ കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന നിരവധി അനുഭാവക്കാഴ്ച്ചകൾ ഉൾപ്പെടുത്തിയിരിക്കുന്നു.