അനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികളെ കണ്ടെത്തുന്നതിനായി നിരീക്ഷണ നടപടികളും, പരിശോധനകളും ശക്തമാക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ജനുവരി 28-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഒമാൻ തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവരുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി ഈ പരിശോധനാ പ്രചാരണ പരിപാടികൾ നടത്തുന്നത്. വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനും, ഈ തൊഴിൽ മേഖലയിലുള്ള സ്വദേശി കച്ചവടക്കർക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഭക്ഷണപാനീയ വിൽപ്പനയുമായി ബന്ധപ്പെട്ട വഴിയോര കച്ചവടക്കാർ ആരോഗ്യപരമായ രീതികൾ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും, ഭക്ഷ്യവിഭവങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷണപാനീയങ്ങൾ കച്ചവടം ചെയ്യുന്ന ഏതാനം പ്രവാസി വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. വഴിയോര കച്ചവടങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും, നിയമങ്ങളും കർശനമായി പാലിക്കാൻ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Muscat Municipality.