മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ, മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, വ്യാപാരികൾക്കുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി സമഗ്രമായ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകളനുസരിച്ചായിരിക്കും മാർക്കറ്റ് പ്രവർത്തിക്കുക എന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
മർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കളും, മാർക്കറ്റുകളിലെ വ്യാപാരികളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
- മാസ്കുകൾ എല്ലാവർക്കും നിർബന്ധമാണ്.
- 37.5 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല.
- ഉപഭോക്താക്കൾ തമ്മിൽ 1.5 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണം.
- കുട്ടികൾക്കും, പ്രായമായവർക്കും ഇത്തരം ഇടങ്ങളിൽ സന്ദർശനാനുമതി നൽകിയിട്ടില്ല.
- മാർക്കറ്റിന്റെ പരമാവധി ശേഷിയുടെ 30% ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഒരേ സമയം പ്രവേശനം അനുവദിക്കുക.
- ഉപഭോക്താക്കൾ മീൻ, പച്ചക്കറികൾ മുതലായവ സ്പർശിക്കുന്നതിന് അനുവദിക്കില്ല.
- വ്യാപാരികൾ തമ്മിൽ അകലം ഉറപ്പാക്കണം.
- മാർക്കറ്റുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം.
- കൃത്യമായ അണുനശീകരണ സംവിധാനങ്ങൾ ഒരുക്കണം.
- ഒരേയൊരു പ്രവേശന കവാടത്തിലൂടെ മാത്രമേ ആളുകൾക്ക് പ്രവേശനം നൽകാവൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
- വ്യാപാരികൾ, ജീവനക്കാർ മുതലായവർ മാസ്കുകൾ, കയ്യുറകൾ എന്നിവ എല്ലാ സമയങ്ങളിലും ഉപയോഗിക്കുകയും, അവ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം.