മസ്കറ്റിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ജൂൺ 2-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഇത്തരം സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കും പുതിയ പെർമിറ്റുകൾ അനുവദിക്കുന്നത്:
- മസ്‌കറ്റിലെ റെസിഡൻഷ്യൽ കൊമ്മേർഷ്യൽ ബിൽഡിങ്ങുകൾ, കൊമ്മേർഷ്യൽ ബിൽഡിങ്ങുകൾ എന്നിവയിൽ മാത്രമായിരിക്കും (ബഹുനില കെട്ടിടങ്ങളിൽ) ഇത്തരം സ്ഥാപനങ്ങൾ നടത്താൻ അനുമതി.
- ഇത്തരം ബിൽഡിങ്ങുകളിലെ ഗ്രൗണ്ട് ഫ്ലോറിൽ മാത്രമായിരിക്കും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി.
ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായാണ് പുതിയ സലൂൺ, ഹെയർ ഡ്രസ്സിങ്ങ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിനുള്ള അനുമതി കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ലോറിൽ മാത്രമായി പരിമിതപ്പെടുത്തുന്നത്.
നിലവിൽ ഇത്തരം കെട്ടിടങ്ങളുടെ മുകൾ നിലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പെർമിറ്റുകൾ പുതുക്കുന്നതിനും മുനിസിപ്പാലിറ്റി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം മറ്റൊരു വ്യക്തിയിലേക്ക് കൈമാറാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമാണ് ലൈസൻസ് പുതുക്കി നൽകുന്നത്.