മത്ര വിലായത്തിലെ ദാർസൈത്തിലേക്കുള്ള എൻട്രൻസ്, എക്സിറ്റ് റോഡ് തുറന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ദാർസൈത്തിലേക്കുള്ള പാതയിലെ കലുങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും, ഈ പാത തുറന്ന് കൊടുത്തതായും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഓഗസ്റ്റ് 22-ന് വൈകീട്ടാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “ഈ പാതയിലെ ചെറു കലുങ്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. ദാർസൈത്തിലേക്കുള്ള പാതയിലെ നീര്ച്ചാല് മുറിച്ച് കടക്കുന്നതിനായി 12 ബോക്സ് കലുങ്കുകൾ അടങ്ങിയ നിർമ്മിതിയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയത്.”, മുൻസിപ്പാലിറ്റി വ്യക്തമാക്കി.
കനത്ത മഴയുള്ള അവസരത്തിൽ ഈ നീർച്ചാൽ കരകവിയുന്നത് മൂലം റോഡ് ഉപയോഗിക്കുന്നവർക്ക് വലിയ സുരക്ഷാ ഭീഷണി നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ഓവുപാലം ഇപ്പോൾ പുനർനിർമ്മിച്ചിരിക്കുന്നത്.