മസ്കറ്റ് നെറ്റ്‌സ്: മഴ മൂലം വെള്ളം ഉയരാനിടയുള്ള ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Oman

രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജനുവരി 23-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

താഴ്‌വരകൾ, താഴ്ന്ന ഇടങ്ങളിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, പെട്ടന്ന് വെള്ളം ഉയരാനിടയുള്ള ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2023 ജനുവരി 24, ചൊവ്വാഴ്ച മുതൽ ഈ ആഴ്ച്ച അവസാനം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം നൽകിയത്.

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിൽ എത്തുന്ന സന്ദർശകർക്കായി റോയൽ ഒമാൻ പോലീസ് നേരത്തെ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2023 ജനുവരി 19 മുതൽ ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടക്കുന്നത്.

ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന ഇടങ്ങളിലായാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.