ഗംഭീരമായ ലേസർ, ഡ്രോൺ ഷോകളുടെയും, കരിമരുന്ന് പ്രദർശനത്തിന്റെയും അകമ്പടിയോടെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2023 ജനുവരി 19, വ്യാഴാഴ്ച തുടക്കമായി.
മസ്കറ്റ് ഗവർണർ H.E. സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളോടെയാണ് മസ്കറ്റ് നൈറ്റ്സിന് തുടക്കമായത്.

മസ്കറ്റ് മുനിസിപ്പാലിറ്റി പ്രസിഡണ്ട്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

ഖുറം നാച്ചുറൽ പാർക്കിൽ നടന്ന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക ലേസർ ഷോ, ഡ്രോൺ ഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറി.

റോയൽ ഗാർഡ് ഓഫ് ഒമാൻ ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറിയ പ്രത്യേക ഷോ, ഹോഴ്സ് ജംപിങ്ങ് തുടങ്ങിയ പരിപാടികൾ ഏറെ ശ്രദ്ധേയമായി.

2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടക്കുന്നത്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന ഇടങ്ങളിലായാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
2023 ജനുവരി 19 മുതൽ ഈ നാല് വേദികളിലേക്കും ദിനവും വൈകീട്ട് 4 മണിമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 11 മണിവരെയാണ് മസ്കറ്റ് നെറ്റ്‌സ് വേദികളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിൽ ഈ വേദികളിലേക്ക് (ഖുറം നാച്ചുറൽ പാർക്കിൽ രാത്രി 11:30 വരെ) രാത്രി 12 മണിവരെ പ്രവേശനം അനുവദിക്കുന്നതാണ്.
Cover Image: Muscat Nights.