ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ജൂൺ 20 മുതൽ ബസ് സർവീസുകളുടെ സമയക്രമങ്ങളിൽ മുവാസലാത്ത് മാറ്റം വരുത്തുന്നു

Oman

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബസ് സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളോജിയുമായി ചേർന്നാണ് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനപ്രകാരം, ജൂൺ 20 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വിവിധ പൊതുഗതാഗത ബസ് സർവീസുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജൂൺ 19-ന് രാത്രിയാണ് മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്.

ജൂൺ 20 മുതൽ മുവാസലാത്ത് ബസ് സർവീസുകളുടെ പ്രവർത്തന സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ:

  • മസ്കറ്റിലെ സിറ്റി ബസ് സർവീസുകൾ വൈകീട്ട് 6 മണിവരെ.
  • സലാലയിലെ സിറ്റി ബസ് സർവീസുകൾ വൈകീട്ട് 6 മണിവരെ.
  • ഇന്റർസിറ്റി ബസ് സർവീസുകൾ വൈകീട്ട് 6 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന രീതിയിൽ പുനക്രമീകരിക്കും.

ഇതിന് പുറമെ, ഷന്ന-മസീറ ഫെറി സേവനങ്ങൾ സാധാരണ രീതിയിൽ തുടരുമെന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്. മുസന്ദത്തേക്കുള്ള എല്ലാ സർവീസുകളും യാത്രികരുടെ ആവശ്യങ്ങൾക്കനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്.

രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ അനുവദിക്കുന്നതല്ല.