2021 മെയ് 9 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ പൊതു ഗതാഗത ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ നിർദ്ദേശപ്രകാരമാണ് രാജ്യവ്യാപകമായി ഈ തീരുമാനം നടപ്പിലാക്കുന്നത്.
മെയ് 9 മുതൽ മെയ് 15 വരെ താഴെ പറയുന്ന ബസ് സേവനങ്ങളാണ് മുവാസലാത്ത് നിർത്തിവെക്കുന്നത്:
- മസ്കറ്റ് ഗവർണറേറ്റിലെ മുഴുവൻ സിറ്റി ബസ് റൂട്ടുകളും.
- സലാലയിലെ മുഴുവൻ സിറ്റി ബസ് റൂട്ടുകളും.
- മസ്കറ്റിൽ നിന്ന് റസ്തഖിലേക്കുള്ള റൂട്ട് 63 ഇന്റർസിറ്റി സർവീസുകൾ.
- മസ്കറ്റിൽ നിന്ന് സൂർ വരെയുള്ള റൂട്ട് 55 ഇന്റർസിറ്റി സർവീസുകൾ.
- മസ്കറ്റിൽ നിന്ന് സലാലയിലേക്കുള്ള റൂട്ട് 100 ഇന്റർസിറ്റി സർവീസുകൾ.
മറ്റു റൂട്ടുകളിൽ സമയക്രമങ്ങൾ രാത്രികാല യാത്രാ നിയന്ത്രണങ്ങൾക്കനുസൃതമായി മാറ്റുമെന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.
റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച പുതുക്കിയ യാത്രാ നിയന്ത്രണങ്ങളും, വാണിജ്യ മേഖലയിലെ പ്രവർത്തന വിലക്കുകളും ഒമാനിൽ 2021 മെയ് 8, ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് പൊതുഗതാഗതത്തിനുള്ള ബസുകൾ നിർത്തലാക്കുന്നത്. മെയ് 8 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ ഒമാനിലുടനീളം ദിനവും വൈകീട്ട് 7 മണി മുതൽ പിറ്റേന്ന് പുലർച്ചെ 4 മണി വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.