യു എ ഇയിൽ COVID-19 വ്യാപനത്തിനെതിരെ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങളിൽ റമദാൻ 27 (മെയ് 20, ബുധനാഴ്ച്ച) മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. റമദാനിൽ ഇളവുകളുടെ ഭാഗമായി ജനങ്ങൾക്ക് രാത്രി 10 വരെ പുറത്തിറങ്ങുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ മെയ് 20, ബുധനാഴ്ച്ച മുതൽ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും രാത്രി 8 മുതൽ രാവിലെ 6 വരെ ആയിരിക്കും നടപ്പിലാക്കുക.
ശുചീകരണ നടപടികളുടെ സമയത്ത് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സമയക്രമങ്ങളിലെ ഈ മാറ്റങ്ങൾ ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മെയ് 18, തിങ്കളാഴ്ചയിലെ COVID-19 അവലോകന പത്ര സമ്മേളനത്തിൽ, നാഷണൽ എമർജൻസി ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹേരിയാണ് ഈ വിവരങ്ങൾ അറിയിച്ചത്. ഇതിന്റെ ഭാഗമായി ഈദ് വേളയിലുൾപ്പടെ ബാധകമാകുന്ന നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം വിവരങ്ങൾ നൽകി.
ജനങ്ങൾ സമൂഹ അകലം പാലിക്കാനും, സമൂഹ സന്ദർശനങ്ങൾ, ഒത്തുകൂടലുകൾ മുതലായവ ഒഴിവാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ വർഷം ഈദ് പ്രാർത്ഥനകൾ വീടുകളിൽ നടത്തണമെന്നും ഡോ. അൽ ദഹേരി ആവശ്യപ്പെട്ടു.
ഷോപ്പിംഗിനായി രണ്ട് മണിക്കൂറിൽ അധികം പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഈദ് അവധിദിവസങ്ങളിൽ യു എ ഇയിലെ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായവ രാവിലെ 9 മുതൽ വൈകീട്ട് 7 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയ്ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. പഴക്കടകൾ, പച്ചക്കറി വ്യാപാരം, മീൻ, മാംസം എന്നിവയുടെ വിപണനം, മധുരപലഹാര ശാലകൾ മുതലായവ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം.
ചിലരുടെ നിരുത്തരവാദപരമായ പ്രവർത്തികൾ മൂലമാണ് കഴിഞ്ഞ ഏതാനം ദിനങ്ങളിലായി രാജ്യത്ത് COVID-19 വ്യാപിക്കാനിടയാകുന്നതെന്ന് ഡോ. അൽ ദഹേരി വ്യക്തമാക്കി. പൊതുജനങ്ങളോട് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.