യു എ ഇയിലെ വിദ്യാലയങ്ങളിലെ അടുത്ത അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദി അറിയിച്ചു. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഓഗസ്റ്റ് 23 മുതൽ പ്രവർത്തി ദിനങ്ങളായിരിക്കും.
രാജ്യത്തിന്റെ നയങ്ങളിൽ വിദ്യാഭ്യാസത്തിനു പ്രഥമസ്ഥാനമാണെന്നും, ഇതിനാൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ അദ്ധ്യയനം പോലും നഷ്ടപ്പെടാതിരിക്കാൻ വിദൂര വിദ്യാഭ്യാസ പദ്ധതികളിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ജൂൺ 7-നു വ്യക്തമാക്കി. യു എ ഇ ഭരണാധികാരികളുടെ പുരോഗമനചിന്താഗതിയും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പ്രതിബദ്ധതയും രാജ്യത്തെ വിദൂര വിദ്യാഭ്യാസ പദ്ധതികളുടെ വിജയത്തിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.