രാജ്യത്തെ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ 2022 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2022 ഡിസംബർ 14-ന് വൈകീട്ടാണ് MoHRE ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട 2022/9 എന്ന ഫെഡറൽ നിയമമാണ് ഡിസംബർ 15 മുതൽ യു എ ഇയിൽ നിലവിൽ വരുന്നത്. യു എ ഇയിലെ ഗാർഹിക ജീവനക്കാരുടെ നിയമനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മികച്ച ഒരു ചട്ടക്കൂട് പ്രാബല്യത്തിൽ കൊണ്ട് വരുന്നതിനായാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ യു എ ഇയിലെ ഗാർഹിക ജീവനക്കാർ, ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഇത്തരം ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾ മുതലായവർ കൃത്യമായ മാനദണ്ഡങ്ങളുടെയും, നിയമബാദ്ധ്യതകളുടെയും പരിധിയിൽ വരുന്നതാണ്.
ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയമബാദ്ധ്യതകൾ:
- തൊഴിൽ സാഹചര്യം, വേതനം, മറ്റു ആനുകൂല്യങ്ങൾ എന്നിവ നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരനെ അവരുടെ മാതൃരാജ്യത്ത് വെച്ച് തന്നെ ഇത്തരം സ്ഥാപനങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തേണ്ടതാണ്. ഇത്തരം ജീവനക്കാരുടെ ആരോഗ്യക്ഷമത, ആരോഗ്യ സാഹചര്യങ്ങൾ, മാനസിക ആരോഗ്യം, ജോലിസംബന്ധിച്ച സ്റ്റാറ്റസ് മുതലായവ ഇത്തരം സ്ഥാപനങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ഈ നടപടികൾ വീഴ്ച്ചകൾ വരുത്തിക്കൊണ്ടുള്ള നിയമനങ്ങൾ അനുവദിക്കുന്നതല്ല.
- യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, മുപ്പത് ദിവസത്തിനിടയിൽ ഇത്തരം ജീവനക്കാരുടെ മെഡിക്കൽ പരിശോധനകൾ നടത്തിയിരിക്കണം.
- തൊഴിലുടമയുമായുള്ള തൊഴിൽ കരാർ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലും, നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരൻ തൊഴിൽ മേഖലയിൽ ആവശ്യമായ യോഗ്യതയില്ലാത്ത വ്യക്തിയാണെന്ന് സ്ഥാപിക്കപ്പെടുന്ന സാഹചര്യത്തിലും, നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരൻ അനുചിതമായ പെരുമാറ്റരീതികളുള്ള വ്യക്തിയാണെന്ന് സ്ഥാപിക്കപ്പെടുന്ന സാഹചര്യത്തിലും ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സ്ഥാപനം തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകുകയോ, പകരം മറ്റൊരു ഗാർഹിക ജീവനക്കാരനെ നൽകുകയോ ചെയ്യേണ്ടതാണ്.
- MoHRE-യിൽ നിന്നുള്ള ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഇത്തരം നിയമനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അനുമതി.
- പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരെ ഗാർഹിക ജീവനക്കാരായി നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- MoHRE അംഗീകരിച്ചിട്ടുള്ള രീതിയിലുള്ള തൊഴിൽ കരാർ എല്ലാ നിയമങ്ങൾക്കും നിർബന്ധമാണ്.
ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് ബാധകമാകുന്ന നിയമബാദ്ധ്യതകൾ:
- ഗാർഹിക ജീവനക്കാർക്ക് തങ്ങളുടെ കർത്തവ്യങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിനായി ഉചിതമായ താമസസൗകര്യങ്ങൾ, ഭക്ഷണം, വസ്ത്രം എന്നിവ തൊഴിലുടമ ഒരുക്കേണ്ടതാണ്.
- ഗാർഹിക ജീവനക്കാരോട് മാന്യമായ രീതിയിൽ പെരുമാറേണ്ടതാണ്. അവരുടെ അന്തസ്സ് കെടുത്തുന്ന പ്രവർത്തികൾ ഒഴിവാക്കേണ്ടതും, അവരുടെ വേതനം തൊഴിൽകരാറിൽ പറയുന്നത് പ്രകാരം കൃത്യമായി നൽകേണ്ടതുമാണ്.
- ഗാർഹിക ജീവനക്കാർക്ക് ആവശ്യമായി വരുന്ന ചികത്സാ ചെലവുകൾ തൊഴിലുടമ വഹിക്കുകയോ, അവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
ഗാർഹിക ജീവനക്കാർക്ക് ബാധകമാകുന്ന നിയമബാദ്ധ്യതകൾ:
- ജീവനക്കാർ തങ്ങളുടെ തൊഴിലുടമ ആവശ്യപ്പെടുന്ന തൊഴിൽ കരാർ പ്രകാരമുള്ള കർത്തവ്യങ്ങൾ കൃത്യമായി നിറവേറ്റേണ്ടതാണ്. കൃത്യമായ കാരണം കൂടാതെ തൊഴിലിൽ മുടക്കം വരുത്തരുത്.
- യു എ ഇയിലെ സംസ്കാരം, പൈതൃകം, പരമ്പരാഗത ശീലങ്ങൾ എന്നിവ പാലിക്കാൻ ജീവനക്കാർ ബാധ്യസ്ഥരാണ്. പൊതു മര്യാദ, പൊതു സദാചാരം എന്നിവ ലംഘിക്കുന്ന പ്രവർത്തികൾ ചെയ്യരുത്.
- തൊഴിലിടത്തിലെ സ്വകാര്യതയെ മാനിക്കേണ്ടതാണ്. തൊഴിലുടമയുടെ സ്വത്തുക്കൾ, അവർ നൽകുന്ന വസ്തുക്കൾ എന്നിവ കൃത്യമായി പരിപാലിക്കേണ്ടതാണ്.