അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനലായ ‘ടെർമിനൽ എ’ ഇന്ന് (2023 നവംബർ 1) മുതൽ പ്രവർത്തനമാരംഭിക്കും. 742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്.
പുതിയ ടെർമിനൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും അളവ് ഗണ്യമായി വർദ്ധിപ്പിക്കും.
പുതിയ ടെർമിനലിലൂടെയുള്ള സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ഇത്തിഹാദ് എയർവേസിന്റെ പ്രത്യേക വിമാന സർവീസ് (അബുദാബിയിൽ നിന്ന് ന്യൂ ഡൽഹിയിലേക്കുള്ള EY224 വിമാനം) ഒക്ടോബർ 31-ന് നടന്നിരുന്നു.
നവംബർ 1 മുതൽ നവംബർ 14 വരെ മൂന്ന് ഘട്ടങ്ങളിലായാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഒന്നാം ഘട്ടം – 2023 നവംബർ 1 മുതൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ എയിലൂടെ സേവനങ്ങൾ നൽകുന്ന വിമാനകമ്പനികൾ:
- സൺഎക്സ്പ്രസ്.
- പെഗാസസ് എയർലൈൻസ്.
- വിസ് എയർ അബുദാബി.
- പൊബെദ.
- സ്മാർട്ട് വിങ്‌സ്.
- ബദ്ർ എയർലൈൻസ്.
- ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്.
- പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്.
- എയർ ഇന്ത്യ.
- ചാം വിങ് എയർലൈൻസ്.
- വിസ്താര.
- എയ്റോഫ്‌ളോട്ട്.
- ഇൻഡിഗോ.
- സിറിയൻഎയർ.
- എയർബ്ലൂ.
രണ്ടാം ഘട്ടം – 2023 നവംബർ 9
രണ്ടാം ഘട്ടത്തിൽ 2023 നവംബർ 9 മുതൽ ഇത്തിഹാദ് എയർവേസിന്റെ ഏതാനം സർവീസുകൾ (പ്രതിദിനം 16 സർവീസുകൾ എന്ന നിരക്കിൽ) ടെർമിനൽ എയിലേക്ക് മാറ്റുന്നതാണ്.
മൂന്നാം ഘട്ടം – 2023 നവംബർ 14 മുതൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ എയിലൂടെ സേവനങ്ങൾ നൽകുന്ന വിമാനകമ്പനികൾ:
- ഇത്തിഹാദ് എയർവേസ്.
- ടർക്കിഷ് എയർലൈൻസ്.
- എയർ അറേബ്യ.
- കാം എയർ.
- സൗദിയ.
- ശ്രീലങ്കൻ എയർലൈൻസ്.
- മിഡിൽ ഈസ്റ്റ് എയർലൈൻസ്.
- ഖത്തർ എയർവേസ്.
- റോയൽ ജോർദാനിയൻ.
- എയർ ഫ്രാൻസ്.
- ഗൾഫ് എയർ.
- ഈജിപ്ത് എയർ.
പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ഈ പുതിയ ടെർമിനൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാനും ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും ഈ ടെർമിനലിലൂടെ സാധിക്കുന്നതാണ്.
ടെർമിനൽ എയിൽ നിന്നുള്ള പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒക്ടോബർ 31-ന് ടെർമിനൽ സന്ദർശിച്ചിരുന്നു.
ടെർമിനൽ എയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകളും, പ്രവർത്തനങ്ങളും 2023 സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു.
അബുദാബിയിലെ പൊതുസമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത ആറായിരത്തിലധികം സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ എയിലെ ട്രയൽ റൺ നടത്തിയിരുന്നത്.
2024 ഫെബ്രുവരി 9 മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
‘ടെർമിനൽ എ’-യുടെ പ്രവർത്തനം 2023 നവംബർ 1 മുതൽ ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് യു എ ഇ രാഷ്ട്രപതി എയർപോർട്ട് പുനർനാമകരണം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
Cover Image: Abu Dhabi Media Office.