ബഹ്റൈനിലെ പുറം തൊഴിലിടങ്ങളിലെ, നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പരിശോധനകൾ, നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ (NIHR) മേല്‍നോട്ടത്തിൽ ആരംഭിച്ചു. രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഉച്ച മുതൽ വൈകീട്ട് 4 മണിവരെ തൊഴിലാളികളെ സ്ഥാപനങ്ങൾ നിർബന്ധിതമായി ജോലിചെയ്യിക്കുന്നില്ല എന്നും, തൊഴിൽ ചൂഷണങ്ങൾ നടക്കുന്നില്ല എന്നും ഈ പരിശോധനകളുടെ ഭാഗമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
ബഹ്റൈനിലെ ഭരണപരമായ നിയമം 39/ 2013 അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറം തൊഴിലിടങ്ങളിൽ, മദ്ധ്യാഹ്ന വേളയിലെ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാസ്കുകൾ നൽകാൻ എല്ലാ തൊഴിലുടമകളോടും NIHR ആഹ്വാനം ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തൊഴിലാളികളോട് മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കാനും NIHR ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലിടങ്ങളിലേക്കും, താമസയിടങ്ങളിലേക്കും പ്രവേശിക്കുന്നതിന് മുൻപായി തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കാനും അധികൃതർ നിർദ്ദേശം നൽകി. ഉയർന്ന ശരീരോഷ്മാവ് രേഖപ്പെടുത്തുന്ന ജീവനക്കാരെ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യാനും, ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ കൈക്കൊള്ളാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.