പ്രത്യേക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് മക്ക ഡെപ്യൂട്ടി എമിറും, സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹജ്ജ് തീർത്ഥാടകർക്ക് പെർമിറ്റ് നിർബന്ധമാണെന്നും, പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 13-ന് ജിദ്ദയിൽ വെച്ച് സംഘടിപ്പിച്ച ഹജ്ജുമായി ബന്ധപ്പെട്ട ഒരു പ്രചാരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. നിരവധി മന്ത്രിമാരും, ഉദ്യോഗസ്ഥരും ഈ പരിപാടിയിൽ പങ്കെടുത്തു.