ഹജ്ജ് തീർത്ഥാടകരുടെ ഇടയിൽ ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, തീർത്ഥാടകരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്കയിൽ നിന്നുള്ള ദൈനംദിന ഹജ്ജ് പത്രസമ്മേളനത്തിന്റെ ഭാഗമായി, ജൂലൈ 30-ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ഷാൽഹൊയൂബ്, സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഹുസ്സയിൻ അൽ ഷറഫ് എന്നിവരും ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു. തീർത്ഥാടകരുടെ ആരോഗ്യ വിവരങ്ങൾ, ആരോഗ്യ സേവനങ്ങളുടെ തയ്യാറെടുപ്പുകൾ, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഇവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.
“ഇതുവരെ തീർത്ഥാടകരുടെ ഇടയിൽ കൊറോണ വൈറസ് ബാധയോ, മറ്റു ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയ ആശ്വാസമേകുന്ന ഒരു കാര്യമാണിത്.”, ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. തീർത്ഥാടനത്തിനിടയിൽ ഉയർന്നുവരാവുന്ന ഏതു സാഹചര്യങ്ങളെയും നേരിടാൻ ആരോഗ്യ വകുപ്പ് പൂർണ്ണ സജ്ജമാണെന്നും, ജാഗരൂകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗബാധിതരുടെ ചികിത്സകൾക്കായി 272 അതിതീവ്ര പരിചരണ സംവിധാനങ്ങൾ ഉൾപ്പടെ 1456 ആശുപത്രി കിടക്കകൾ തയ്യാറാണെന്നും, 331 പേർക്കുള്ള ഐസൊലേഷൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീർത്ഥാടകർ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങിയതോടെ, ആരോഗ്യ പരിചരണ പ്രവർത്തകരും അവരെ അനുഗമിക്കുന്നതായും അൽ അലി അറിയിച്ചു. തീർത്ഥാടനത്തിലുടനീളം സുരക്ഷ ഒരുക്കുന്നതിനായി സേനാ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നതായി ആഭ്യന്തര മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനോടൊപ്പം, സമൂഹ അകലം മുതലായ മുൻകരുതലുകൾ നടപ്പിലാകുന്നുണ്ടെന്നു ഇവർ പരിശോധിച്ച് ഉറപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.