നിലവിൽ ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക്, രാജ്യത്ത് 8 ദിവസത്തിൽ താഴെ തങ്ങുന്ന രീതിയിലുള്ള യാത്രകൾക്ക് അനുമതി നൽകില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 19-നാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്ത് വന്നത്.
“വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന സന്ദർശകർക്ക് നിർബന്ധമാക്കിയിട്ടുള്ള ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ പോകുന്ന തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുള്ള, ഒമാനിലേക്ക് യാത്ര തിരിക്കുന്ന യാത്രികർക്ക് രാജ്യത്തേക്ക് യാത്രാനുമതി നൽകരുത്. നിലവിൽ ഒമാനിലെത്തുന്ന എല്ലാ വിദേശ യാത്രികർക്കും 7 ദിവസത്തെ ക്വാറന്റീനും എട്ടാം നാൾ PCR ടെസ്റ്റും നിർബന്ധമാണ്.”, ഒമാനിലേക്ക് വ്യോമയാന സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് CAA നൽകിയ അറിയിപ്പിൽ ഇങ്ങിനെ വ്യക്തമാക്കുന്നു.
ഇതോടെ നിലവിൽ എട്ട് ദിവസത്തിൽ താഴെ കാലാവധിയിലുള്ള സന്ദർശനങ്ങൾ ഒമാനിലേക്ക് അധികൃതർ അനുവദിക്കുന്നില്ല എന്ന് വ്യക്തമാകുന്നു.
അതേസമയം, എൻട്രി വിസ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ള 103 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനിമുതൽ 14 ദിവസം രാജ്യത്ത് താമസിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കിയിട്ടുണ്ട്.