2023 ഫെബ്രുവരി 23-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു. 2023 ഫെബ്രുവരി 24-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഈ വീഡിയോ പങ്ക് വെച്ചത്.
രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ അബുദാബിയിലെ അൽ ഫയാഹ് മേഖലയിൽ പ്രവർത്തിക്കുന്ന യു എ ഇ നാഷണൽ റയിൽവേ നെറ്റ്വർക്കിന്റെ പ്രധാന കേന്ദ്രത്തിൽ വെച്ചാണ് നടന്നത്.
രാജ്യത്തുടനീളം ചരക്ക് നീക്കത്തിനായി 38 ലോക്കോമോടീവ് എഞ്ചിനുകളും, ആയിരത്തിലധികം വാഗണുകളും അടങ്ങിയ ചരക്ക് തീവണ്ടികളുടെ വ്യൂഹത്തിന്റെ പ്രവർത്തനം ഇതോടെ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം, യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
യു എ ഇ ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണച്ചുമതല ഇത്തിഹാദ് റെയിലിനാണ്.