മസ്കറ്റ് – ഡൽഹി സർവീസുകൾ റദ്ദാക്കിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ഒമാൻ എയർ

GCC News

മസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ എയർ വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ സമയക്രമമനുസരിച്ച് മസ്കറ്റ് – ഡൽഹി വിമാനങ്ങൾ സർവീസുകൾ നടത്തുന്നതായും ഒമാൻ എയർ കൂട്ടിച്ചേർത്തു.

മാർച്ച് 20-നാണ് ഒമാൻ എയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുപ്രീം കമ്മിറ്റി നിർദ്ദേശത്തെ തുടർന്ന്, മസ്കറ്റിൽ നിന്ന് യു കെയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ഒമാൻ എയർ പുറത്തിറക്കിയിരുന്ന ഔദ്യോഗിക അറിയിപ്പിൽ മാറ്റങ്ങൾ വരുത്തി ട്വിറ്ററിലും മറ്റും വ്യാജവാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്ന സഹചര്യത്തിലാണ് അധികൃതർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ എയർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. വിമാന സർവീസുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി ഒമാൻ എയർ വെബ്സൈറ്റ് സന്ദർശിക്കാനും അധികൃതർ യാത്രികർക്ക് നിർദ്ദേശം നൽകി.