ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

Oman

2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രികർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റീൻ നടപടികൾ ആവശ്യമില്ലെന്നും ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലേക്ക് നിലവിൽ പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്നുള്ള സൗദി വ്യോമയാന വകുപ്പിന്റെ (GACA) തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഒമാൻ എയർ ഈ അറിയിപ്പ് നൽകിയത്. ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് (രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്ക്) ക്വാറന്റീൻ ആവശ്യമില്ലെന്നും ഒമാൻ എയർ അറിയിച്ചു.

https://www.omanair.com/in/en എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, ടിക്കറ്റുകളും ലഭ്യമാണെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.