രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 89 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 4-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിച്ചവരും, ഒമാനിൽ നിന്ന് വിദേശത്തേക്ക് സഞ്ചരിച്ചവരുമായ യാത്രികരുടെ കണക്കുകൾ പ്രകാരമാണ് ഈ വർദ്ധനവ്. മാർച്ച് 2022 അവസാനം വരെയുള്ള മൂന്ന് മാസത്തെ കാലയളവിൽ ഒമാൻ വിമാനത്താവളങ്ങളിലൂടെ 10672 അന്താരാഷ്ട്ര വിമാനസർവീസുകൾ നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിമാനസർവീസുകളുടെ എണ്ണത്തിൽ 81.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന കണക്കുകൾ പ്രകാരമാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഭ്യന്തര വിമാനസർവീസുകളുടെ എണ്ണത്തിൽ 25.3 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.