രാജ്യത്ത് പ്രവാസി നിക്ഷേപകർക്ക് ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസി നൽകുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് പ്രഖ്യാപിച്ചു. 2021 സെപ്റ്റംബർ 29, ബുധനാഴ്ച്ച രാവിലെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ പ്രഖ്യാപിച്ചത്.
പ്രവാസി നിക്ഷേപകർക്ക് അഞ്ച് വർഷത്തേക്കും, പത്ത് വർഷത്തേക്കും സാധുതയുള്ള ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസിയാണ് ഒമാൻ ഈ പദ്ധതിയുടെ കീഴിൽ നൽകുന്നത്. കൃത്യമായ നടപടിക്രമങ്ങളും, നിബന്ധനകളും പാലിച്ച് കൊണ്ടാണ് ഈ പദ്ധതിയുടെ കീഴിൽ ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസി അനുവദിക്കുന്നത്.
ഈ പദ്ധതിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബർ 29, ബുധനാഴ്ച്ച രാവിലെ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം പ്രവാസി നിക്ഷേപകർക്ക് ഒമാൻ ലോങ്ങ്-ടെം റെസിഡൻസി കാർഡ് അനുവദിച്ചു.
ഈ പദ്ധതിയുടെ കീഴിൽ ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസിക്ക് അപേക്ഷിക്കുന്നതിന് താത്പര്യമുള്ള പ്രവാസി നിക്ഷേപകർക്ക് 2021 ഒക്ടോബർ 3 മുതൽ ഇതിനായുള്ള അപേക്ഷകൾ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലൂടെ സമർപ്പിക്കാവുന്നതാണ്. അഞ്ച് വർഷത്തേക്കും, പത്ത് വർഷത്തേക്കും സാധുതയുള്ള ദീര്‍ഘകാലത്തേക്കുള്ള റെസിഡൻസി അനുവദിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് മന്ത്രാലയം വ്യക്തത നൽകിയിട്ടുണ്ട്.
പ്രവാസി നിക്ഷേപകർക്ക് ഒമാനിൽ പത്ത് വർഷത്തെ റെസിഡൻസി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:
- ഒമാനിൽ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനി, ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനി അല്ലെങ്കിൽ ഗവണ്മെന്റ് ബോണ്ട് ഇവയിലേതെങ്കിലുമൊന്നിൽ ചുരുങ്ങിയത് അഞ്ച് ലക്ഷം റിയാലിന്റെ നിക്ഷേപമുള്ള പ്രവാസികൾക്കാണ് പത്ത് വർഷത്തെ റെസിഡെൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകുന്നത്.
- ചുരുങ്ങിയത് അമ്പത് ഒമാൻ പൗരന്മാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ ഒമാനിൽ നടത്തുന്നവർക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.
- ഒമാനിൽ ഹൗസിങ്ങ് യൂണിറ്റുകളിൽ ചുരുങ്ങിയത് അഞ്ച് ലക്ഷം റിയാലിന്റെ നിക്ഷേപമുള്ളവർക്കും ഈ പദ്ധതിയുടെ പ്രയോജനം നേടാവുന്നതാണ്.
പ്രവാസി നിക്ഷേപകർക്ക് ഒമാനിൽ അഞ്ച് വർഷത്തെ റെസിഡൻസി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:
- ഒമാനിൽ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനി, ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനി അല്ലെങ്കിൽ ഗവണ്മെന്റ് ബോണ്ട് ഇവയിലേതെങ്കിലുമൊന്നിൽ ചുരുങ്ങിയത് രണ്ടര ലക്ഷം റിയാലിന്റെ നിക്ഷേപമുണ്ടായിരിക്കണം.
- അല്ലെങ്കിൽ ഒമാനിൽ ഹൗസിങ്ങ് യൂണിറ്റുകളിൽ ചുരുങ്ങിയത് രണ്ടര ലക്ഷം റിയാലിന്റെ നിക്ഷേപമുണ്ടായിരിക്കണം.
- ഇതിനു പുറമെ, ഒമാനിൽ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിരുന്നവർക്ക് ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം (അറുപത് വയസിന് മുകളിൽ പ്രായമായിരിക്കണം) ഒമാനിൽ സ്വന്തമായി വീട്, ചുരുങ്ങിയത് നാലായിരം റിയാൽ വരുമാനം എന്നിവ ഉണ്ടെങ്കിൽ ഈ പദ്ധതിയുടെ പ്രയോജനം നേടാവുന്നതാണ്.