ഒമാൻ: സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ തൊഴിൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും, സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമുള്ള തീരുമാനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി. 2024 ജൂലൈ 24-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ സ്വകാര്യ മേഖലയെയും, ബന്ധപ്പെട്ട അധികൃതരെയും സഹകരിപ്പിച്ച് കൊണ്ടാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. 2024 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനങ്ങൾ ഒമാൻ പൗരന്മാർക്ക് ഉചിതമായ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നത് ലക്ഷ്യമിടുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം താഴെ പറയുന്ന തീരുമാനങ്ങളാണ് പ്രധാനമായും അറിയിച്ചിരിക്കുന്നത്:

  • സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വദേശിവത്കരണ പരിധികൾ പാലിക്കാത്ത സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് കരാറുകൾ നൽകുന്നതിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
  • സ്വദേശിവത്കരണ ശതമാന പരിധികൾ ഉൾപ്പടെയുള്ള തൊഴിൽ നിബന്ധനകൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയം നൽകുന്ന ഒരു ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കും.
  • പുതിയതായി മുപ്പതിൽ പരം തൊഴിൽ പദവികൾ സമ്പൂർണ്ണമായും ഒമാൻ പൗരമാർക്ക് മാത്രമായി നിജപ്പെടുത്തും. ഇത്തരം തൊഴിൽ പദവികളിൽ വിദേശികൾ തൊഴിലെടുക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ്.
  • മന്ത്രാലയം അടുത്ത് തന്നെ പ്രഖ്യാപിക്കുന്ന വ്യവസ്ഥകൾ പ്രകാരം എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു ഒമാൻ പൗരനെയെങ്കിലും ജീവനക്കാരനായി നിയമിക്കുന്നത് നിർബന്ധമാക്കുന്നതാണ്.
  • സ്വദേശിവത്കരണ പരിധികൾ കൃത്യമായി പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനായുള്ള ഒരു സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകും.
  • സ്വദേശിവത്കരണ പരിധികൾ കൃത്യമായി പാലിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് നൽകാനും, സ്വദേശിവത്കരണ പരിധികൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി വർക്ക് പെർമിറ്റ് ഫീസ് ചുമത്താനുമുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തുന്നതാണ്.
  • ഈ തീരുമാനങ്ങൾ നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ കർശനമാക്കുന്നതാണ്.

ഈ തീരുമാനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, ഈ തീരുമാനം വരുന്ന സെപ്റ്റംബറിൽ നടപ്പിലാക്കുന്നതിന് മുൻപായി, മന്ത്രാലയം വ്യക്തമാക്കുന്നതാണ്.