അമ്പത്തിമൂന്നാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2023 നവംബർ 22, ബുധനാഴ്ച, നവംബർ 23, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. 2023 നവംബർ 13-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമായിരിക്കും. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.