ഒമാൻ: VAT ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

GCC News

മൂല്യവർദ്ധിത നികുതി (Value Added Tax – VAT) ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ രാജ്യത്തെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിൽപനക്കായി വെക്കുന്ന ഉത്പന്നങ്ങളിൽ മൂല്യവർദ്ധിത നികുതി പൂജ്യം ശതമാനമായി നിശ്ചയിച്ചിട്ടുള്ള ഉത്പന്നങ്ങളുടെ ലേബലുകളിൽ ഇക്കാര്യം കൃത്യമായി വെളിപ്പെടുത്താനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. VAT നികുതിയുടെ മറവിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നതിനായാണ് ഇത്തരം ഒരു നടപടി.

ഒമാനിൽ ഭക്ഷണ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കളെ മൂല്യവർദ്ധിത നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ് മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.