വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അറിയിച്ചു. 2022 ഒക്ടോബർ 18-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് കൂടാതെയുള്ള ഇവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും, സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും ഈ വിലക്ക് ബാധകമാണ്.
ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക മുദ്ര ഒരു കാരണവശാലും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.