രാജ്യത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി. തുടർച്ചയായുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും ആളുകൾ സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തി ഇത്തരം താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
ജൂലൈ 16-ന് രാവിലെയാണ് CDAA ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് താഴ്‌വരകളും മറ്റും നിറഞ്ഞ് കവിയുന്ന അവസ്ഥയിലാണ്. ഇത്തരം ഇടങ്ങളിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച് കുടുങ്ങിപ്പോയ നിരവധി പേരെ രക്ഷിച്ചതായി CDAA വ്യക്തമാക്കി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ജാഗ്രത തുടരാൻ CDAA ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് സൂചന. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ജൂലൈ 15-ന് രാത്രി നൽകിയ അറിയിപ്പ് അനുസരിച്ച് അടുത്ത ദിവസങ്ങളിലും രാജ്യത്തുടനീളം ശക്തമായ മഴ, ഇടിമിന്നൽ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതാണ്.
നോർത്ത് അൽ ബതീന, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, ദോഫാർ, അൽ വുസ്ത, അൽ ഹജർ മലനിരകൾ തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.
Cover Photo: @CDAA_OMAN