രാജ്യത്തെ വ്യാപാരശാലകൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്നതായി ഒമാൻ അധികൃതർ അറിയിച്ചു. 2024 ജൂലൈ 2-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ അനുമതി നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ഒമാനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ തന്നെ ഡിസ്‌കൗണ്ടുകളും, ഓഫറുകളും നൽകുന്നതിന് അനുമതി ലഭിക്കുന്നതാണ്:
- പരമാവധി 30 ശതമാനം വരെയാണ് ഡിസ്‌കൗണ്ടുകൾ നൽകുന്നതിന് അനുമതി.
- ആഴ്ച തോറും പരമാവധി തുടർച്ചയായി മൂന്ന് ദിവസം വരെയാണ് ഇത്തരം ഡിസ്‌കൗണ്ടുകൾ നൽകുന്നതിന് അനുമതി.
- ഓരോ സ്ഥാപനനത്തിനും ഒരു മാസത്തിൽ പരമാവധി മൂന്ന് തവണ മാത്രമാണ് ഇത്തരം ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നതിന് അനുമതി.
സ്ഥാപനങ്ങൾക്ക് csdg@pacp.gov.om എന്ന ഇമെയിൽ വിലാസത്തിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് ഒരു മെയിൽ അയച്ച് കൊണ്ട് ഇത്തരം ഡിസ്‌കൗണ്ടുകളും, ഓഫറുകളും പ്രഖ്യാപിക്കാവുന്നതാണ്.
പ്രാദേശിക വിപണിയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനും, വിപണിയിലെ മത്സര സാധ്യത ഉയർത്തുന്നതിനും, ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനുമായാണ് ഈ തീരുമാനം.
Cover Image: Pixabay.