വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം തുടങ്ങിയവ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അൽ ദാഖിലിയയിൽ പ്രത്യേക പരിശോധനകൾ നടത്തി. 2024 മാർച്ച് 28-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അൽ ദാഖിലിയ ഗവർണറേറ്റിലെ വാണിജ്യകേന്ദ്രങ്ങളിലാണ് മന്ത്രാലയം പരിശോധനകൾ നടത്തിയത്. ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം കണ്ടെത്തുന്നതിനായി മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണിത്.
പ്രത്യേക ലൈസൻസ് കൂടാതെ ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ വിവിധ ഉത്പന്നങ്ങളിലും, മറ്റു വാണിജ്യ ആവശ്യങ്ങൾക്കായും ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തുന്നതിനാണ് ഈ പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അധികൃതരിൽ നിന്ന് മുൻകൂറായി ലൈസൻസ് എടുത്തിരിക്കേണ്ടതാണ്.
Cover Image: @Tejarah_om.