രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്നതായും, സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമുൾപ്പടെയുള്ള വ്യാപന തീവ്രതയേറിയ COVID-19 വൈറസ് വകഭേദം ഒമാനിൽ സ്ഥിരീകരിച്ചതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ രോഗവ്യാപനത്തിൽ പ്രകടമാകുന്ന വേഗതയിൽ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി H.E. സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ മാർച്ച് 1, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ നിലവിലെ COVID-19 സാഹചര്യങ്ങളും, രോഗബാധയുടെ വിവരങ്ങളും സമഗ്രമായി വിശകലനം ചെയ്തു. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി, ഹോസ്പിറ്റൽ ചികിത്സ ആവശ്യമാകുന്ന COVID-19 രോഗബാധിതരുടെ എണ്ണം രാജ്യവ്യാപകമായി ഉയരുന്നതായാണ് ഒമാനിലെ പകർച്ചവ്യാധി സംബന്ധമായ സാഹചര്യങ്ങൾ വിലയിരുത്തുന്ന അടിസ്ഥാന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി.
പല ഗവർണറേറ്റുകളിലും പരിധിയിൽ കവിഞ്ഞ അളവിൽ രോഗികൾ ഹോസ്പിറ്റലുകളിലെത്തുന്ന സാഹചര്യത്തിൽ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. യാത്രകളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന രോഗബാധിതരുടെ എണ്ണവും ഭയപ്പെടുത്തുന്ന തോതിൽ ഉയരുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒമാനിലെയും, ആഗോളതലത്തിലെയും നിലവിലെ സാഹചര്യങ്ങൾ ജാഗ്രത തുടരേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് സുപ്രീം കമ്മിറ്റി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. മുഴുവൻ ജനങ്ങളും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, പ്രതിരോധ നടപടികൾ എന്നിവ കർശനമായി തുടരേണ്ടതുണ്ടെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സമൂഹ സുരക്ഷ മുൻനിർത്തി, രോഗവ്യാപനത്തിന് ഏറ്റവും വലിയ കാരണമാകുന്ന ഒത്ത് ചേരലുകൾ ഒഴിവാക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ, രോഗവ്യാപനം തടയുന്നതിനായി 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാന പ്രകാരം, മാർച്ച് 4 മുതൽ മാർച്ച് 20 വരെ ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ കാലയളവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഈ തീരുമാനത്തിന്റെ ഭാഗമായി ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണി വരെ ടൂറിസ്റ്റ് സംവിധാനങ്ങളിലെ റസ്റ്ററന്റുകൾ, കഫെ മുതലായവയ്ക്കും, ഹോം ഡെലിവറി സേവനങ്ങൾക്കും വിലക്കുകൾ ഏർപ്പെടുത്തുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.