ഒമാൻ: ഓൺലൈൻ സേവനദാതാക്കൾക്ക് അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് CPA

GCC News

രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഓൺലൈൻ സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ചൂണ്ടിക്കാട്ടി. 2025 മെയ് 20-നാണ് CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിൽ പ്രവർത്തിക്കുന്ന മുഴുവൻ ഓൺലൈൻ സേവനദാതാക്കളും നിലവിലുള്ള കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമങ്ങളും, അതിന്റെ എക്സിക്യൂട്ടീവ് വ്യവസ്ഥകളും അനുസരിക്കുന്നതിന് ബാധ്യസ്ഥരാണെന്ന് CPA വ്യക്തമാക്കിയിട്ടുണ്ട്. ഒമാനിലെ ഇ-കോമേഴ്‌സ് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണിത്.

ഇത് പ്രകാരം ഒമാനിലെ ഇത്തരം സ്ഥാപനങ്ങൾ താഴെ പറയുന്ന വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്:

  • ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻ‌കൂർ പ്രവർത്തനാനുമതി നേടിയിരിക്കണം.
  • വെബ്സൈറ്റുകളിൽ നൽകുന്ന ഉത്പന്നങ്ങളുടെ ദൃശ്യങ്ങൾ, വിവരങ്ങൾ മുതലായവ യഥാർത്ഥമായ ഉത്‌പന്നത്തിന്റേതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ഉത്പന്നം വിതരണം ചെയ്യുന്ന സ്ഥലം, തീയതി, രീതി മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
  • കൃത്യമായ എക്സ്ചേഞ്ച്, റിട്ടേൺ പോളിസികൾ ഉണ്ടായിരിക്കണം.