ഒമാൻ: ആയിരത്തിൽ പരം വാണിജ്യ പ്രവർത്തനങ്ങളുടെ ലൈസൻസ് ഫീ ഒഴിവാക്കി നൽകി

Oman

രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സ്ഥാപനങ്ങളുടെ സർക്കാർ ലൈസൻസ് ഫീ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള SME ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക ഉത്തരവ് പ്രകാരം, ഒമാൻ വിഷൻ 2040-യുടെ ഭാഗമായാണ് ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഫീ ഒഴിവാക്കി നൽകുന്നത്.

ഇത്തരത്തിൽ ഒമാനിൽ 1088 സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് COVID-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന നയത്തിന്റെ ഭാഗമായാണ് 2021-ലെ ഈ ഫീ ഒഴിവാക്കുന്നത്.

നിർമ്മാണ വ്യവസായം, കാര്‍ഷികം, മത്സ്യബന്ധനം, ടൂറിസം, ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്സ് മുതലായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. നിലവിലെ സർക്കാർ ലൈസൻസുകൾ പുതുക്കുന്നതിന് ആവശ്യമായ ഫീ ഈ ഇളവിന്റെ പരിധിയിൽ ഉൾപ്പെടുന്നതല്ല.